CM BASITH PARAVOOR
3 min readApr 27, 2024

--

മലപ്പുറം ശുഹദാ മഖാം

മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മലപ്പുറം വലിയങ്ങാടി പള്ളി എന്നറിയപ്പെടുന്ന ശുഹദാ പള്ളി. പഴമയുടെ അഴകൊട്ടും ചോരാത്ത തരത്തിലുള്ള പള്ളിയും അതിനടുത്തായുള്ള ശുഹദാക്കളുടെ മഖാമും വിശാലമായി പരന്നുകിടക്കുന്ന ഖബർസ്ഥാനും നൂറ്റാണ്ടുകളുടെ ചരിത്രം പറഞ്ഞു തരുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾ ഇല്ലാതെ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകായിരം ആളുകൾ ഇന്നും ഇവിടെ സന്ദർശകരായി എത്തുന്നുണ്ട്.

പ്രവാചകർ മുഹമ്മദ് (സ) യുടെ കാലത്ത് ഏറനാട് ഭരിച്ചിരുന്നത് പെരുമാൾ രാജവംശത്തിൽ പെട്ട ചേരമാൻ പെരുമാൾ ആയിരുന്നു. റസൂൽ (സ) ചന്ദ്രനെ രണ്ടായി പിളർത്തിയ സംഭവം അറിയാനിടവരുകയും ഇസ്ലാം ആശ്ലേഷിക്കാനായി അറേബ്യയിൽ നിന്നുള്ള കച്ചവടക്കാരുടെ കൂടെ അദ്ദേഹം പുറപ്പെടുകയും മടങ്ങി വരുമ്പോൾ ഒമാനിലെ സലാലയിൽ മരണപ്പെടുകയും ചെയ്തതോടെ ഭരണം അദ്ദേഹത്തിൻ്റെ ബന്ധുക്കൾക്ക് വിഭജിച്ച് നൽകപ്പെട്ടു. ഏറനാട് ലഭിച്ചത് സാമൂതിരിക്കായിരുന്നു. സാമൂതിരിയുടെ ഉപ ഭരണാധികാരിയായിരുന്ന പാറനമ്പിക്കായിരുന്നു മലപ്പുറത്തിൻ്റെ ഭരണ ചുമതല. മലപ്പുറത്ത് വസിക്കുന്നവരിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗം ആയിരുന്നു. അവരോട് ഏറെ സഹവർത്തിത്വത്തോടെയും സൗഹാർദത്തോടെയുമായിരുന്നു പാറനമ്പി ഭരിച്ചത്. അങ്ങനെയിരിക്കെ അദ്ദേഹവും കോട്ടക്കൽ തമ്പുരാൻ ആയിരുന്ന പന്ത്രക്കോൻ തമ്പുരാനും തമ്മിലുണ്ടായ അതിർത്തി തർക്കം യുദ്ധമായി കലാശിക്കുകയുണ്ടായി. യുദ്ധത്തിൽ മാപ്പിള മുസ്ലീങ്ങൾ പാറനമ്പിയെ സഹായിച്ചു. അവരുടെ സഹകരണത്തിനും യുദ്ധസാന്നിധ്യത്തിനും പ്രതിഫലമായി മുസ്ലിംകൾക്ക് അദ്ദേഹം ഒരു പള്ളി നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ജീവിത രീതിയായിരുന്നു അന്നത്തെ മാപ്പിള മുസ്ലീങ്ങളുടെത്. അതുകൊണ്ടുതന്നെ അദ്ദേഹം അവർക്ക് കൃഷി ആവശ്യങ്ങൾക്കായി 14 ഏക്കർ ഭൂമിയും സമ്മാനിച്ചു. വിവരമറിഞ്ഞ മലബാറിലെ മാപ്പിളമാർ അതിയായി സന്തോഷിച്ചു. അവർ പരിസരപ്രദേശങ്ങളിൽ താമസം തുടങ്ങി. അതിനിടെ ശങ്കരൻ നമ്പീശൻ പാറനമ്പി മരണമടഞ്ഞു. പാറനമ്പിയുടെ മരണാനന്തരം പുതിയ പാറനമ്പി അധികാരമേറ്റു.

മാപ്പിളമാരുടെ സന്തോഷങ്ങൾക്ക് അധികകാലം ആയുസ്സ് ഉണ്ടായിരുന്നില്ല.
മുസ്ലിങ്ങൾക്ക് ആരാധനാലയം നിർമ്മിച്ചു നൽകിയതിൽ തൃപ്തരല്ലാത്ത ചില വർഗീയവാദികൾ പുതിയ പാറ നമ്പിയെ തെറ്റിദ്ധരിപ്പിക്കാനായി രഹസ്യ യോഗങ്ങൾ കൂടുകയും അതിനുള്ള കുതന്ത്രങ്ങൾ മെനയുകയും ചെയ്തു. എന്നാൽ അതൊക്കെയും അസ്ഥാനത്തായി പോവുകയായിരുന്നു.

അങ്ങനെയിരിക്കെ നികുതി പിരിവിനായി ആലിമരക്കാർ എന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരാളെ ഏൽപ്പിക്കപ്പെട്ടു. നാടുവായിക്ക് നികുതിയായി നൽകേണ്ട സംഖ്യ നൽകാത്തവരെ അടിമകളാക്കി വിൽക്കുകയും അടിമയുടെ പകുതി വില പാറനമ്പിക്കും പകുതി നികുതി പിരിവുകാരനായ ആലിമരക്കാർക്കും നൽകുക എന്നതായിരുന്നു വ്യവസ്ഥ. ഇത് മലബാറിലെ ചില വർഗീയവാദികളെ വിറളിപിടിപ്പിച്ചു. അതിനിടെ പാമ്പിയുടെ അടുത്ത ബന്ധുക്കളിൽ പെട്ട ഒരാൾ നികുതിയടക്കാതിരിക്കുകയും ആലിമരക്കാർ മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്തു. ഇതു കൂടെ ആയതോടെ ആലിമരക്കാരെയും പാറനമ്പിയെയും പിണക്കാൻ തക്കം പാർത്തിരുന്ന ശത്രുക്കൾ പുറത്തുചാടി. അതിനായി അവർ ഇല്ലാകഥകൾ മെനഞ്ഞുണ്ടാക്കി. അവരുടെ തന്ത്രങ്ങൾ ഫലിച്ചു.

തത്ഫലമായി ആലിമരക്കാറെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചുകൊണ്ടു തന്നെ വധിക്കാൻ പാറനമ്പി തീരുമാനിച്ചു. തന്നെ വധിക്കാൻ ആയി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നറിഞ്ഞ ആലിമരക്കാർ പൂർണ്ണമായും ആയുധസജ്ജനായാണ് കൊട്ടാരത്തിൽ എത്തിയത്. ആയുധധാരിയായ മരക്കാറെ വധിക്കാൻ ആർക്കും ധൈര്യം വന്നില്ല. ഭരണാധികാരിയായ പാറനമ്പി തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണ്ണമായും നീതിയുക്തമായി നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം നിഷ്കളങ്കതയോടെ പറഞ്ഞെങ്കിലും വർഗീയവാദികളുടെ ദീർഘകാലത്തെ ശ്രമഫലമായി പാറനമ്പിയുടെ മനസ്സിൽ പക പതച്ചുപൊന്തിയിരുന്നു. അദ്ദേഹം ആലിമരക്കാർക്കെതിരെ അനാവശ്യമായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു. മനസ്സിനകത്ത് എന്തോ ഗൂഢമായ ലക്ഷ്യം വെച്ച് അനാവശ്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത് സഹിക്കാനാവാതെ വന്നപ്പോൾ ആലിമരക്കാർ വാളെടുത്ത് വീശി. യഥാ സമയത്ത് തന്നെ തെന്നി മാറിയതുകൊണ്ട് പാറനമ്പിയുടെ ജീവൻ രക്ഷപ്പെട്ടുവെങ്കിലും വാളിന്റെ വെട്ടേറ്റ് പാറ നമ്പിയുടെ കൈ അറ്റു തൂങ്ങി. അങ്ങനെ കൊട്ടാരത്തിൽ പാറനമ്പിയും ആലിമരക്കാറും തമ്മിൽ യുദ്ധമായി. ആലിമരക്കാർ ദീർഘനേരം പൊരുതി നിന്നെങ്കിലും അദ്ദേഹത്തിൻ്റെ കാലിന് വെടിവെച്ച് അദ്ദേഹത്തെ അവർ വധിച്ചു.
എന്നിട്ടും പക ഒതുങ്ങാത്ത പാറ നമ്പി മുസ്ലിം വിഭാഗത്തോട് മുഴുവനായി യുദ്ധം പ്രഖ്യാപിച്ചു.

മലബാറിലെ മുസ്ലിം വിഭാഗത്തോട് യുദ്ധം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും അതിന് തങ്ങളെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് മലബാറിനെ ചുറ്റുമുള്ള നാടുവാഴികൾക്ക് വർഗീയവാദികൾ കത്തെഴുതി. അവർ പല സ്ഥലങ്ങളിലായി ഒത്തുകൂടുകയും മുസ്ലിംകളെ ഒതുക്കാനായി പലതരത്തിലുള്ള ആശയങ്ങൾക്ക് അവർ രൂപം നൽകി. മുസ്ലിംകൾക്ക് പള്ളി നിർമ്മിച്ചുകൊടുത്തത് മുന്നേ ഉണ്ടായിരുന്ന പാറനമ്പി ആണെന്ന് അത് പൊളിക്കപ്പെടണമെന്നും ചിലർ ആവശ്യം ഉന്നയിച്ചു. അതോടെ തൻ്റെ മുൻഗാമി നിർമ്മിച്ച പള്ളി തകർക്കണമെന്ന് പാറനമ്പി തീരുമാനിക്കുകയായിരുന്നു.

ഏതുതരത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യപ്പെടേണ്ടി വന്നാലും പള്ളി തകർക്കാൻ സമ്മതിക്കില്ലെന്ന് മാപ്പിള യുവാക്കൾ പ്രതിജ്ഞ എടുത്തിരുന്നു. ആലി മരക്കാർ സ്വീകരിച്ച നടപടികൾക്ക് ശിക്ഷയായി നാടിനെയും നാട്ടുകാരെയും അക്രമിക്കരുതെന്ന് അവർ അപേക്ഷിച്ചുവെങ്കിലും ദയ ഉണ്ടായില്ല. ഒടുക്കം മുസ്ലീങ്ങൾ ആയ ചിലർക്ക് നാടുവിടേണ്ടിവന്നു. എങ്കിലും അല്ലാഹുവിൻറെ ഭവനമായ പള്ളി വിട്ടുപോവാൻ മനസ്സ് വരാത്ത ചിലർ പള്ളിയെ സംരക്ഷിക്കുമെന്ന് ദൃഢനിശ്ചയം ചെയ്ത് മങ്കര തോപ്പിൽ യൂസഫ് സാഹിബിന്റെ നേതൃത്വത്തിൽ അവർ പള്ളിയിൽ തമ്പടിച്ച് പ്രാർത്ഥനയിലായി കഴിഞ്ഞുകൂടി.

എന്നിരിക്കെ, പാറ നമ്പിയുടെ സൈന്യം വീടുകളിൽ കയറി കൊള്ളയടിക്കുകയും മുസ്ലീങ്ങളെ ആക്രമിക്കുകയും ചെയ്തു. അംഗശുദ്ധി വരുത്താനും മറ്റുമായി പള്ളിയിലേക്ക് വെള്ളം വന്നിരുന്നത് ഒരു തോടിലൂടെയായിരുന്നു. തോടിലൂടെ പള്ളിയിലേക്ക് വെള്ളം വരുന്നത് അവർ തടഞ്ഞു. അംഗശുദ്ധി വരുത്താൻ പോലും വെള്ളമില്ലാതെയായപ്പോൾ പള്ളിയിൽ തമ്പടിച്ചവർക്ക് പ്രയാസം അനുഭവപ്പെടുകയും ഒരു അനുരഞ്ജന ചർച്ചക്ക് അവർ തയ്യാറാവുകയും ചെയ്തു. എന്നാൽ പള്ളിയുടെ ഒരു ഓല കത്തിക്കാൻ സമ്മതിച്ചാൽ പ്രശ്നമില്ലാതെ പിരിയാം എന്നായിരുന്നു ശത്രുക്കളുടെ ഉപാധി. പക്ഷേ മാപ്പിളമാരുടെ അചഞ്ചലമായ വിശ്വാസം അതിനു സമ്മതിച്ചില്ല. ഒടുക്കം ശത്രുക്കൾ പള്ളി തകർക്കാൻ വേണ്ടി പള്ളിയിലേക്ക്. അല്ലാഹുവിൻറെ ഭവനത്തെ നശിപ്പിക്കുന്നത് നോക്കിനിൽക്കാൻ അവർക്ക് സാധിച്ചില്ല. ശത്രുവിന്റെ ആൽബലവും ആയുധങ്ങളുടെ മൂർച്ചയും കാര്യമാക്കാതെ മുസ്ലിംകൾ മുന്നിട്ടിറങ്ങി. ശത്രുക്കളുടെ മൂർച്ചയേറിയ വാളുകൾ മാപ്പിളമാരുടെ ശിരസ്സിനെ ഛേദിച്ചു. സഖാവിൻറെ ഭവനം സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ അവർ പള്ളിമുറ്റത്ത് രക്തസാക്ഷികളായി. അവിടെ ഉണ്ടായിരുന്ന 44 പേരും മരിച്ചു എന്ന ആഹ്ലാദത്തിൽ ശത്രു സൈന്യം പള്ളിക്ക് തീയിട്ടു. തങ്ങളുടെ സഹോദരങ്ങളുടെ തീരോദാനത്തിൻ്റെ വിവരമറിഞ്ഞ് ഇതര നാടുകളിൽ നിന്ന് ആളുകൾ എത്തിയെങ്കിലും കത്തിയമർന്ന് ചാരമായ പള്ളിയും രക്തത്തിൽ കുളിച്ച് കിടക്കുന്ന രക്തസാക്ഷികളെയും മാത്രമാണ് അവർക്ക് കാണാൻ സാധിച്ചത്. വള്ളുവനാട്ടിൽ നിന്ന് എത്തിയ ജമാൽ മൂപ്പന്റെ നേതൃത്വത്തിൽ രക്തസാക്ഷികളെ മറവ് ചെയ്യപ്പെട്ടു.

അങ്ങനെ അധികനാൾ കഴിയുന്നതിനുമുമ്പ് തന്നെ നാടാകെ ഒരു പകർച്ചവ്യാധി പകർന്നു പിടിച്ചു. പള്ളി കത്തിക്കാൻ കാരണക്കാരനായ പാറനമ്പി ഈ രോഗം പിടിപെട്ട് മരണപ്പെട്ടു. ശേഷം അദ്ദേഹത്തിൻ്റെ പിന്തുടർച്ചക്കാരനായി അധികാരത്തിൽ വന്ന പാറനമ്പിക്കും സമാനമായ രോഗം പിടിപെട്ടു. ചികിത്സകൾ ഒന്നും ഫലം കണ്ടില്ല.

പള്ളി തകർക്കാൻ നേതൃത്വം നൽകിയ പാറനമ്പിയുടെ കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം പിടിപെട്ടു. പള്ളി നശിപ്പിക്കപ്പെട്ടതാണ് രോഗത്തിന് കാരണമെന്നും നശിപ്പിക്കപ്പെട്ട പള്ളിക്കു പകരം പുതിയ പള്ളി നിർമ്മിച്ചു നൽകലാണ് പോംവഴിയെന്നും ജ്യോത്സ്യര്‍ തീർപ്പ് കൽപ്പിക്കുകയും രോഗം ചികിത്സിക്കാൻ എത്തിയ വൈദ്യന്മാർ ഒക്കെയും കൈമടക്കുകയും ചെയ്തതോടെ രോഗം ഭേദമാവാൻ ഇനി പള്ളി പണിയുക മാത്രമാണ് പോംവഴി എന്ന് മനസ്സിലാക്കിയ പാറനമ്പി സ്വന്തം ചിലവിൽ പള്ളി നിർമ്മിച്ചു നൽകി. മാത്രമല്ല പള്ളിയോട് ചേർന്നുള്ള 17 ഏക്കർ ഭൂമി മാപ്പിളമാർക്ക് സൗജന്യമായി നൽകുകയും ചെയ്തു. കൂടാതെ, യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ കുടുംബത്തെ ക്ഷണിച്ചുവരുത്തി അവർക്ക് വീട് പണിതു നൽകി.

അതോടെ മലബാറിലെ ആദ്യകാലത്ത് ഉണ്ടായിരുന്നതുപോലെ ഹിന്ദു മുസ്ലിം സൗഹാർദം തിരിച്ചുവന്നു. യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ മഖ്ബറക്ക് സമീപത്ത് തന്നെയായി പള്ളിക്ക് തറക്കല്ലിടപ്പെട്ടു. പള്ളി നിർമ്മാണത്തിനായി പാറനമ്പി അന്ന് ലഭ്യമായതിൽ വിദഗ്ധരായ കൽപ്പണിക്കാരെയും ആശാരിമാരെയും എത്തിച്ചു. മനോഹരവും അതിനൂതനവും ആയ രീതിയിൽ നിർമ്മിക്കപ്പെട്ട പള്ളിയുടെ മൂന്നാം നില പൂർണ്ണമായും തേക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചത്. പള്ളിയുടെ ജനലുകളും വാതിലുകളും എല്ലാം ഖുർആനിക വചനങ്ങളാലും പ്രവാചകവചനങ്ങളാലും മുഖരിതമാണ്. മനോഹരമായ കൊത്തുപണികളാൽ ആരാധനാലയം തനിമയും പഴമയും ചോരാതെ ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്.

1732 ൽ അതായത് ഹിജ്റ വർഷപ്രകാരം 1144 ശഅബാൻ എട്ട്, ഒമ്പത് തീയതികളിലാണ് മലപ്പുറം യുദ്ധം നടക്കുന്നത്.

--

--